രാജ്കോട്ട്
ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി–20 പരമ്പരയിലെ നിർണായക മത്സരത്തിന് ഇന്ത്യ. ഇന്ന് രാജ്കോട്ടിലാണ് നാലാംമത്സരം. തോറ്റാൽ പരമ്പര കെെവിടും. ജയിച്ചാൽ നിലനിൽക്കാം. രണ്ട് കളി ജയിച്ച ദക്ഷിണാഫ്രിക്ക 2–1ന് മുന്നിലാണ്. അഞ്ച് മത്സരമാണ് പരമ്പരയിൽ.വിശാഖപട്ടണത്തെ ജയമാണ് ഇന്ത്യയുടെ ആത്മവിശ്വാസം. ആദ്യ രണ്ട് കളി തോറ്റ് ആശങ്കയിലായ ടീമിന് മൂന്നാംമത്സരത്തിൽ ബൗളർമാരുടെ മിന്നുംപ്രകടനം തുണയായി.
ഭുവനേശ്വർ കുമാറും യുശ്-വേന്ദ്ര ചഹാലും ഹർഷൽ പട്ടേലും ഉൾപ്പെടുന്ന ബൗളിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്ന് കളിയിൽ ആറ് വിക്കറ്റാണ് ഭുവനേശ്വർ നേടിയത്. ദക്ഷിണാഫ്ര-ിക്കൻ ഓപ്പണിങ് നിരയെ കാര്യമായി പരീക്ഷിക്കാൻ ഈ പേസർക്ക് കഴിഞ്ഞു. ഹർഷൽ പട്ടേലും ആറ് വിക്കറ്റ് നേടി. ആദ്യ രണ്ട് കളിയിൽ മങ്ങിയ ചഹാൽ മൂന്നാംമത്സരത്തിൽ മൂന്ന് വിക്കറ്റുമായി തിരിച്ചുവന്നു. അതേസമയം, പേസർ ആവേശ് ഖാൻ താളം കണ്ടെത്തുന്നില്ല.
ബാറ്റർമാരിൽ ഇഷാൻ കിഷനാണ് സ്ഥിരത പുലർത്തുന്നത്. അവസാനമത്സരത്തിൽ ഋതുരാജ് ഗെയ്-ക്ക്-വാദും തിളങ്ങി. എന്നാൽ, മധ്യനിര ബാറ്റർമാർക്ക് മികവില്ല. ശ്രേയസ് അയ്യർ റൺ കണ്ടെത്തുന്നുണ്ടെങ്കിലും വേഗം പോരാ. പേസർമാർക്കെതിരെ റണ്ണടിക്കാനാകാത്തതാണ് ഈ വലംകെെയന്റെ പ്രധാന പ്രശ്നം. സ്പിന്നർമാർക്കെതിരെ മാത്രമാണ് മികച്ച പ്രഹരശേഷിയുള്ളത്. ക്യാപ്റ്റൻ ഋഷഭ് പന്ത് മൂന്നു കളിയിലും നിരാശപ്പെടുത്തി. ഹാർദിക് പാണ്ഡ്യയും ഐപിഎൽ നിലവാരത്തിലെത്തിയില്ല. ടീമിൽ മാറ്റത്തിന് സാധ്യതയില്ല.