KeralaNews

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം.

ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ നടത്തുമെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യത്തിലും  ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക് പോസ്റ്റിട്ടു. ‘അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ അയയ്ക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി’ എന്നായിരുന്നു പോസ്റ്റ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *