ഇന്ന് ചിങ്ങം ഒന്ന്…. മലയാളത്തിൻ്റെ പുതുവർഷാരംഭമാണ് ചിങ്ങപ്പിറവി…. പഞ്ഞകർക്കടകത്തിൻ്റെ താണ്ഡവകാലം കടന്ന് കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിൻ്റെയും ഉത്സവത്തിനാണ് ചിങ്ങപ്പുലരിയിൽ തുടക്കം കുറിക്കുന്നത്… ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പഞ്ഞ കർക്കിടകം പെയ്തൊഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികൾ ഉണർത്തി ചിങ്ങം പിറന്നു. ഓണക്കാലത്തിന്റെ വരവറിയിച്ചാണ് ചിങ്ങ മാസത്തിൻ്റെ തുടക്കം. ഓണക്കാലത്തെ വരവേറ്റ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. ഇനിയങ്ങോട്ടുള്ള ഉത്സവ നാളുകളിൽ പൊന്നോണപുലരിയെ വരവേൽക്കാനായി പ്രകൃതി പൂത്തുലയും. കൃഷി ചെയ്യാൻ ഉചിതമായ മാസമായിട്ടാണ് ചിങ്ങം അറിയപ്പെടുന്നത്. കർക്കടകത്തിലെ എല്ലാ ദാരിദ്ര്യവും ചിങ്ങം തീർക്കുമെന്നാണ് പ്രതീക്ഷ.