ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “ഹർ ഘർ തിരംഗ’ ഇന്നു മുതൽ. രാജ്യത്തെ 20 കോടിയിലേറെ വീടുകളിൽ മൂന്നു ദിവസം തുടർച്ചയായി ത്രിവർണ പതാകയുയർത്തുകയാണു പരിപാടിയുടെ ലക്ഷ്യം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.ഹർ ഘർ തിരംഗ ആഘോഷത്തിനുവേണ്ടി ദേശീയ പതാകയുടെ ഉപയോഗ മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുപ്രകാരം സൂര്യാസ്തമയത്തിനുശേഷവും പതാക ഉപയോഗിക്കാം. രാജ്യത്തെ പോസ്റ്റ് ഓഫിസുകൾ വഴി കഴിഞ്ഞ പത്തു ദിവസത്തിനിടെ ഒരു കോടിയിലേറെ ദേശീയ പതാകകൾ വിതരണം ചെയ്തിട്ടുണ്ടെന്നു കമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
ജമ്മു കശ്മീരിലെ ദോഡയിൽ പാക്കിസ്ഥാനിലേക്കു കടന്ന ഭീകരരുടെ കുടുംബാംഗങ്ങൾ വീടുകളിൽ ത്രിവർണ പതാക ഉയർത്തി. പാക് അധീന കശ്മീരിൽ ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്ന നാലു ഭീകരരുടെ വസതികളിലാണു ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ത്രിവർണ പതാക ഉയർത്തിയത്. ഭീകരരോട് ആയുധമുപേക്ഷിച്ചു മടങ്ങിവരാൻ സൈന്യത്തിനു കീഴടങ്ങാനും ഇവരുടെ കുടുംബാംഗങ്ങൾ അഭ്യർഥിച്ചു. 2004ൽ ഒളിവിൽപ്പോയ നസീർ ഗുജ്ജർ ഉൾപ്പെടെയുള്ളവരുടെ കുടുംബാംഗങ്ങളാണ് ദേശീയ പതാകയുയർത്തിയത്.