ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരുമത്സരം ശേഷിക്കെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും രണ്ടാമതുള്ള ലിവർപൂളും തമ്മിലുള്ള അന്തരം ഒരു പോയിന്റ് മാത്രമാണ്. സതാംപ്ടണെ 2–1ന് തോൽപ്പിച്ചാണ് ലിവർപൂൾ വീണ്ടും കിരീടപ്പോരിൽ സജീവമായത്.
അവസാന മത്സരത്തിൽ സിറ്റിക്ക് ആസ്റ്റൺ വില്ലയും ലിവർപൂളിന് വൂൾവ്സുമാണ് എതിരാളികൾ. 37 കളിയിൽ സിറ്റിക്ക് 90 പോയിന്റാണ്. ലിവർപൂളിന് 89ഉം. സതാംപ്ടണിനെതിരെ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് തികയുമായിരുന്നില്ല. എന്നാൽ, പ്രധാന താരങ്ങളെ ക്ലോപ്പ് കളത്തിലിറക്കിയില്ല. 28ന് ചാമ്പ്യൻസ് ലീഗ് ഫെെനലിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ലിവർപൂൾ.