കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആനയൂട്ട് ആനപ്രേമികൾക്ക് ഗളമേളയ്ക്ക് തുല്യമായി. ഞായറാഴ്ച രാവിലെ ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിൽ 36 ആനകൾ പങ്കെടുത്തു. രാവിലെ ഏഴര മുതല്‍ പതിനൊന്നര വരെയായിരുന്നു ചടങ്ങ്. തിരുനക്കര ക്ഷേത്രത്തിലെ ആനയായ തിരുനക്കര ശിവന്റെ നേതൃത്വത്തിലാണ് ആനകളെല്ലാം മൈതാനത്ത് അണിനിരന്നത്. നൂറുകണക്കിന് ആനപ്രേമികളാണ് ആനയൂട്ട് കാണുന്നതിനായി ഇവിടേക്ക് എത്തിച്ചേര്‍ന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ ഭദ്രദീപം തെളിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. തിരുനക്കര ശിവന് മധുരം നല്കി മന്ത്രി വി.എന്‍ വാസവന് ആനയൂട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
നാലമ്പലത്തില്‍ നിന്ന് ശുദ്ധി വരുത്തി തിലകം ചാർത്തി കിഴക്കേനടവഴി മൈതാനത്തേക്കിറങ്ങി വന്ന ഓരോ ആനകളെയും തിരുനക്കര പൂരത്തിനെന്നപോലെ ആനയുടെ സവിശേഷതകള്‍ വിളിച്ചുപറഞ്ഞാണ് ആനയിച്ചത്. ക്ഷേത്രമൈതാനത്തിന്റെ വടക്കുഭാഗത്ത് ഒറ്റവരിയായാണ് ആനകളെ അണിനിരത്തിയത്. പ്രത്യക്ഷ ഗണപതി പൂജയ്ക്ക് ശേഷം ഇറങ്ങിയ ആനകള്‍ക്കായി പഴങ്ങളും പട്ടയും കരിമ്പിനുമൊപ്പം ചോറുരുളകളുമടങ്ങുന്ന ഭക്ഷണം ഭക്തരും സമര്‍പ്പിച്ചു. ആനയൂട്ടിനൊപ്പം പഞ്ചാരിമേളവും കൂടി ആയപ്പോൾ ചടങ്ങിന് ആവേശം ഇരട്ടിയായി. ആദ്യമായാണ് 30 ആനകളെ അണിനിരത്തി തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ ആനയൂട്ട് നടന്നത്.
തിരുനക്കര ശിവന്, കിരണ്‍ നാരായണന്‍കുട്ടി, പാമ്പാടി സുന്ദരന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, തോട്ടയ്ക്കാട് രാജശേഖരന്, ഭാരത് വിശ്വനാഥന്, ഭാരത് വിനോദ്, വാഴപ്പള്ളി മഹാദേവന്, ആനപ്രമ്പാൽ വിഘ്നേശ്വരന്, ഓതറ ശ്രീപാര്‍വതി, വലിയവീട്ടില്‍ ഗണപതി, പീച്ചിയിൽ ശ്രീമുരുകന്, വേമ്പനാട് വാസുദേവന്‍, ചാന്നാനിക്കാട് ഷീല, ശിവസുന്ദർ, വിഷ്ണുലോകം രാജസേനന്, ചെമ്മരപ്പള്ളി ഗംഗാധരന്, ഹരിപ്പാട് രാജലക്ഷ്മി, പായിപ്പാട് അപ്പു, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ട് ശേഖരന്, ചൂരൂര്‍മഠം രാജശേഖരന്, ചിറക്കടവ് തിരുനീലകണ്ഠന്, വേണാട്ടുമഠം ഗോപാലന്‍കുട്ടി, മുണ്ടയ്ക്കൽ ശിവനന്ദന്, വഴുവാടി കാശിനാഥന്, പെരുമ്പാവൂര്‍ അരുണ്‍ അയ്യപ്പന്, കുളമാക്കില്‍ പാര്‍ത്ഥസാരഥി, കുന്നത്തൂര്‍ കുട്ടിശങ്കരന്, പുതുപ്പള്ളി അര്ജുനന്, വേണാട്ടുമഠം കല്യാണി, തമ്പലക്കാട് ലക്ഷ്മി, തടത്താവിള ശിവ, ചക്കനാമഠം ദേവപ്രിയന്‍ എന്നീ ആനകള്‍ പങ്കെടുത്തു.