ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിനായി ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തി. അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്ന് അരുൺ സഖറിയ പറഞ്ഞു. കൃത്യമായ വിവര ശേഖരണം വനം വകുപ്പിന്റെ പക്കലുണ്ട്. മേഖലയിലേ ആനകളുടെ തലവൻ അരിക്കൊമ്പനാണ്. ഇതിനെ പിടിക്കുന്നതോടെ മറ്റ് ആനകൾ ശാന്തരാകും. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ഇങ്ങനെയുള്ള ആനകളെയാണ് പിടിച്ചതെന്നും അരുൺ സഖറിയ വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടാനുള്ള നടപടി കോടതി വിധിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും, ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. 72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പിലാക്കുക. ടീം അംഗങ്ങൾക്ക് നടപടി വിശദീകരിക്കുന്നതിനായി മോക് ഡ്രിൽ നടത്തും. കുങ്കി ആനകളിലെ പ്രധാനികളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനേയും ചിന്നക്കനാലിൽ എത്തിച്ചു.