പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും.

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്‌സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് ആണ് എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്‍തൃഹരി രാവിലെ രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. എംപിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. തുടര്‍ന്ന് കേന്ദ്ര മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 280 എംപിമാര്‍ ഇന്നും ബാക്കിയുള്ള 263 എംപിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപി മാരും ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും.

ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നിലവിലെ സ്പീക്കര്‍ ഓം ബിര്‍ല, ആന്ധ്രയില്‍ നിന്നുള്ള ബിജെപി എംപി പുരന്ധരേശ്വരി എന്നിവരെയാണ് ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അന്തിമ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡിഎ ഘടക കക്ഷിയായ ടിഡിപി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്ന നിലപാടിലാണ് ശിവസേന ഉദ്ധവ് പക്ഷം. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന ആവശ്യം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

Exit mobile version