മാനന്തവാടി എംഎല്‍എ, ഒ ആര്‍ കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും

തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ, ഒ ആര്‍ കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കേളു മന്ത്രിയാകുന്നത്. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. നിലവിൽ ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന അധ്യക്ഷ പദവി വഹിക്കുകയാണ്. സംസ്ഥാന കമ്മിറ്റി അംഗത്വമുള്ള മറ്റ് ദളിത് എംഎൽഎമാർ സിപിഎമ്മിലില്ല. നിലവിൽ വയനാട് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാത്തതും കേളുവിന് മന്ത്രിയാകുന്നതിൽ അനുകൂലമായി.

2016 ൽ കോൺഗ്രസിലെ പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കുറിച്യ സമുദായത്തിൽ നിന്നുള്ള ഒ ആർ കേളു ആദ്യമായി നിയമസഭയിൽ എത്തുന്നത്. തുടർച്ചയായ പത്തുവർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെൻ്ററി കാര്യ വകുപ്പ് എം ബി രാജേഷിനും നൽകാനും സിപിഎം തീരുമാനിച്ചു.

Exit mobile version