നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. 

റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് മുഖ്യസൂത്രധാരനായ അമന്‍ സിങ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. മേയ് അഞ്ചിന് നടത്തിയ പരീക്ഷയിലാണ് വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്. ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിലെ ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേൽ അറസ്റ്റിലായിരുന്നു. പരീക്ഷയില്‍ കൃത്രിമം നടത്താനായി ഇയാൾ 27 വിദ്യാര്‍ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. കൂടാതെ ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്കൂളിൽ നിന്നായിരുന്നു ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയുമടക്കം സി ബി ഐ അറസ്റ്റ് ചെയ്തത്.

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.  ജൂൺ 23-നാണ് സിബിഐ സംഭവത്തിൽ കേസെടുത്തത്. 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്.

Exit mobile version