‘ഹൈസ്പീഡിൽ’ തീരദേശ ഹൈവേ; പുനരധിവാസ പാക്കേജായി.

തിരുവനന്തപുരം
ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതോടെ തീരദേശ ഹൈവേ പദ്ധതി അതിവേ​ഗം മുന്നോട്ട്.
എല്ലാ ജില്ലകളിലും ഭൂമിയേറ്റെടുക്കൽ നടപടി പുരോ​ഗമിക്കുന്നു. ആകെ 52 സ്‌ട്രെച്ചിലായി 623 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ ഒമ്പതു ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ. 537 കിലോമീറ്റർ പ്രവൃത്തി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്.

ഇതിൽ 200 കിലോമീറ്റർ ദൂരത്തിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചു. 24 സ്ട്രെച്ചിലായി 415 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുക്കാൻ സാമ്പത്തിക അനുമതിയായി. മൂന്ന് സ്ട്രെച്ചിൽ സ്ഥലം ഏറ്റെടുക്കലിനായി 139.9 കോടി രൂപ അനുവദിച്ചു. 35 സ്ട്രെച്ചിന്റെ ഡിപിആർ തയ്യാറാകുന്നു. മൂന്ന് സ്ട്രെച്ചിൽ നിർമാണം പുരോ​ഗമിക്കുകയാണ്. നാല് സ്ട്രെച്ചിൽക്കൂടി ടെൻഡറായി. 2026നു മുമ്പ്‌ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പൊതുമരാമത്ത് വകുപ്പ് ആവിഷ്കരിക്കുന്ന രൂപകൽപ്പനാ നയത്തിന്റെ അടിസ്ഥാനത്തിലാണ് നിർമാണം.

14 മീറ്റർ വീതിയിലാണ്‌ പാത. സൈക്കിൾ ട്രാക്ക്, വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങിയവയും ഉണ്ടാകും. കാൽനട സൗഹൃദവുമാക്കും. ഓരോ 50 കിലോമീറ്റർ ഇടവിട്ട് ആകെ 12 ഇടത്ത്‌ പ്രത്യേക ടൂറിസം കേന്ദ്രങ്ങൾ സജ്ജമാക്കും. കടന്നുപോകുന്ന ഒമ്പത് ജില്ലയിലും ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടി വരുന്നതോടെ സംസ്ഥാനത്തെ ബീച്ച് ടൂറിസവും കുതിക്കും.

Exit mobile version