സംസ്ഥാനത്തെ ആദ്യ ജനിതക വിഭാഗം മെഡിക്കൽ കോളേജിലൊരുക്കും: മന്ത്രി.

തിരുവനന്തപുരംമെഡിക്കല്‍ കോളേജില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ആദ്യ ജനിതക വിഭാഗം ആരംഭിക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌. ഇതിനായി പുതിയ ലാബുകള്‍ ഉള്‍പ്പെടെ അധിക സംവിധാനങ്ങള്‍ ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത് വഴിത്തിരിവാകുമെന്നും മന്ത്രി പറഞ്ഞു. ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ഏതു ലക്ഷ്യവും കൈവരിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് മെഡിക്കൽ കോളേജിലെ നൂതന ചികിത്സാ സംവിധാനങ്ങളുടെ പൂർത്തീകരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂറു ദിന കർമപരിപാടികളുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കിയ നൂതന ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റേഡിയോ തെറാപ്പി വിഭാഗത്തിൽ ലീനിയർ ആക്സിലറേറ്റർ, സമഗ്ര സ്ട്രോക്ക് യൂണിറ്റ്, ബേൺസ് ഐസിയു, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ് എന്നിവയും എംഎൽടി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങളുമാണ്‌ ഉദ്ഘാടനംചെയ്‌തത്‌. സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും സ്‌ട്രോക്ക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് യൂണിറ്റാണ് യാഥാര്‍ഥ്യമായത്. സ്‌ട്രോക്ക് ഐസിയുവിൽ 14 കിടക്കകളുണ്ട്.  കൂടാതെ സ്റ്റെപ്‌ഡൌണ്‍ ഹൈ കെയര്‍ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല്‍ കോളേജുകള്‍ക്കും മാതൃകയാണ്. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസനമാണ് മെ ഡിക്കല്‍ കോളേജില്‍ നടക്കുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് എംഎല്‍ടി ബ്ലോക്ക്. ഡെപ്യൂട്ടി മേയർ പി കെ രാജു, ഡി ആർ അനിൽ, ഡി സുരേഷ് കുമാർ, ഡോ. ആശാ തോമസ്, ഡോ. തോമസ് മാത്യു, ഡോ. കല കേശവൻ, ഡോ. എ നിസാറുദീൻ, ഡോ. എസ് ബിന്ദു എന്നിവർ സംസാരിച്ചു.   

Exit mobile version