ചെന്നൈ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരാഞ്ജലി അർപ്പിച്ചു. അപ്പോളോ ആശുപത്രിയിലെത്തിയായിരുന്നു ആദരാഞ്ജലി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8 മണിക്കായിരുന്നു കോടിയേരി ബാലകൃഷ്ണൻറെ അന്ത്യം.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,എം.വി. ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് . പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.
കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. പൊതുരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ നേതാവും സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയവും കൈത്താങ്ങും നൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മലങ്കര ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു.
കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണനെന്ന പോരാളിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയർന്ന ഘടകങ്ങളിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്.