ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശം ; ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കർക്കെതിരെ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശൻ. താൻ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാനും തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന കാര്യം തന്നെയാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. 

വി ഡി സതീശന്റെ  ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തിൽ ആര്‍എസ്എസ് നോട്ടീസ് അയച്ചിരുന്നു. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ് അയച്ചത്. ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന.

ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് നോട്ടീസിൽ പറയുന്നത്. 

Exit mobile version