കാനഡയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; പ്രതിഷധവുമായി ഇന്ത്യ

ടൊറോന്റോ: കാനഡ റിച്ച്മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. സംഭവം ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു. റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ തങ്ങള്‍ക്ക് വിഷമമുണ്ട്. വിദ്വേഷകരമായ ഈ കുറ്റകൃത്യം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റില്‍ പറഞ്ഞു.
ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയെ തന്നെ ആശങ്കയിലാക്കുന്നതാണ് സംഭവമെന്നാണ് ഹൈക്കമ്മീഷണര്‍ പ്രതികരിച്ചത്. സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടതായും കമ്മീഷണര്‍ വ്യക്തമാക്കി.

Exit mobile version