ഇന്ത്യൻ വംശജയായ നാസ സഞ്ചാരി സുനിത വില്ല്യംസ്‌ 26ന്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ മടങ്ങും

ഫ്ലോറിഡ
ഇന്ത്യൻ വംശജയായ നാസ സഞ്ചാരി സുനിത വില്ല്യംസ്‌ 26ന്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ മടങ്ങും. 21 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷമാണ്‌ മടക്കം.  നിലയത്തിലേക്കുള്ള യാത്രയ്‌ക്കിടെ പേടകത്തിന്റെ ഇന്ധനം ചോർന്നത്‌ ആശങ്ക പരത്തിയിരുന്നു. മടക്കയാത്ര ഇതുമൂലം വൈകി. പേടകത്തിന്റെ സുരക്ഷ നാസ ഉറപ്പു വരുത്തിയ ശേഷമാണ്‌ മടക്കയാത്ര നിശ്‌ചയിച്ചത്‌. മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ‘എന്ററോബാക്ടർ ബുഗാണ്ടെനിസ്‌’ ബാക്ടീരിയയുടെ പുതിയ രൂപത്തിന്റെ  വ്യാപനം ബഹിരാകാശ നിലയത്തിൽ സ്ഥിരീകരിച്ചതും ഭീഷണിയായിരുന്നു.

സുനിതയുടെ മൂന്നാമത്‌ ബഹിരാകാശ ദൗത്യമാണിത്‌. ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യരുമായുള്ള ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായായിരുന്നു ദൗത്യം. പൈലറ്റായ സുനിതയും നാസ ശാസ്‌ത്രജ്ഞൻ ബുച്ച്‌ വിൽമൂറും ആറിനാണ്‌ നിലയത്തിലെത്തിയത്‌. സാങ്കേതിക തകരാർമൂലം നിരവധി തവണ ദൗത്യം മാറ്റിവച്ചിരുന്നു. നിലയത്തിലെ ചില അറ്റകുറ്റ പണികൾക്ക്‌ സുനിതയും ബുച്ച്‌ വിൽമൂറും നേതൃത്വംനൽകി.  26 ന്‌ വൈകിട്ട്‌ അഞ്ചോടെ ന്യൂമെക്‌സിക്കോയിലെ വൈറ്റ്‌ സാൻഡ്‌സ്‌ സ്‌പേസ്‌ ഹാർബറിൽ പേടകം സുരക്ഷിതമായി ഇറക്കും. അൻപത്തിയൊമ്പതുകാരിയായ സുനിത 322 ദിവസം ബഹിരാകാശത്ത്‌ ചെലവഴിച്ചിട്ടുണ്ട്‌.

Exit mobile version