ആദിത്യ എൽ1  ഇന്ന് ലക്ഷ്യത്തിലെത്തും.

തിരുവനന്തപുരം : ഐഎസ്‌ആർഒയുടെ പ്രഥമ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1  ശനിയാഴ്‌ച ലക്ഷ്യത്തിലെത്തും. ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽനിന്ന്‌ ഇതിനായുള്ള കമാൻഡുകൾ ഉച്ചയോടെ നൽകി തുടങ്ങും. തുടർന്ന്‌, ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിലേക്ക്‌ പഥം തിരിച്ചു വിടും. വൈകിട്ട്‌ നാലിന്‌ അവസാനത്തെ ജ്വലനത്തോടെ പേടകം ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിലേക്ക്‌ നേരെ നീങ്ങും. അഞ്ച്‌ മിനിറ്റുകൊണ്ട്‌ ദൗത്യം വിജയം കാണുമെന്ന്‌ ശാസ്‌ത്രജ്ഞർ പറയുന്നു. നിലവിൽ 16.6 ലക്ഷം കിലോമീറ്റർ പിന്നിട്ട പേടകത്തിന്റെ വേഗം ത്രസ്റ്ററുകൾ ജ്വലിപ്പിച്ച്‌ നിയന്ത്രിക്കും. കഴിഞ്ഞ സെപ്‌തംബർ രണ്ടിന്‌ ശ്രീഹരിക്കോട്ടയിൽനിന്നാണ്‌ ആദിത്യ എൽ1 വിക്ഷേപിച്ചത്‌. അഞ്ചു വർഷമാണ്‌ ദൗത്യ കാലാവധി.

സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം തുല്യമായ മേഖലയാണ്‌ ലഗ്രാഞ്ച്‌ പോയിന്റ്‌. അഞ്ച്‌ പോയിന്റുള്ളതിൽ ഏറ്റവും സുരക്ഷിതമായ ലഗ്രാഞ്ച്‌ ഒന്നിലാണ്‌ പേടകത്തെ ഉറപ്പിക്കുക. ഇവിടെയുള്ള ഭ്രമണപഥത്തിൽനിന്ന്‌ തുടർച്ചയായി സൗരനിരീക്ഷണം നടത്താനും ഭൂമിയിലേക്ക്‌ ചിത്രങ്ങളും മറ്റ്‌ വിവരങ്ങളും അയക്കാനും പേടകത്തിന്‌ കഴിയും. സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനം ലക്ഷ്യമാക്കി ഏറ്റവും ആധുനികമായി ഏഴ്‌ പരീക്ഷണ ഉപകരണങ്ങളാണ്‌ പേടകത്തിലുള്ളത്‌. ഇവയിൽ പലതും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്‌.  വെള്ളിയാഴ്‌ച ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല ശാസ്‌ത്രസംഘം മുന്നൊരുക്കങ്ങൾ വിലയിരുത്തി.

Exit mobile version