2 മത്സ്യ തൊഴിലാളികളെ കാണാതായി, കടലിൽ പോകുന്നതിനു വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. രൂക്ഷമായ കടലാക്രമണം മൂലം മത്സ്യബന്ധനം വിലക്കി. ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ 2 മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാർഡും, കോസ്റ്റൽ പോലീസും , മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. നാല് പേർ നീന്തിക്കയറിയിരുന്നു. ജില്ലയിലെ തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളം കയറി. ഏറാക്കൽ, അയ്യംപടി, പൈനൂർ, കോഴിത്തുമ്പ്, കായ്പമംഗലം ഭാഗങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. എടത്തുരുതി, പെരിഞ്ഞനം , ചാവക്കാട് മേഖലകളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. 54 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Exit mobile version