സർക്കാരും ഗവർണറും രണ്ടുതട്ടിൽ; സിപിഎം അടിയന്തര യോഗം ചേരും

തിരുവനന്തപുരം: സർവകലാശാലകളിലെ ബന്ധു നിയമനങ്ങൾക്കെതിരെ ഗവർണർ നിലപാടു കടുപ്പിക്കുകയും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ഇടപെടൽ നടത്തിയെന്ന് പരസ്യമായി പറയുകയും ചെയ്തതിന് പിന്നാലെ, സംസ്ഥാന സമിതി അടിയന്തരമായി ചേരാൻ സിപിഎം തീരുമാനം. എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തുടങ്ങിയവരും പങ്കെടുക്കും. ആദ്യ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും രണ്ടാം ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. ഇതിന് പുറമേ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മൽസ്യ തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭവും യോഗത്തിൽ ചർച്ചയാകും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മറ്റാരിലേക്കെങ്കിലും മാറ്റുന്നതിലും തീരുമാനവും ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
സംസ്ഥാന സർക്കാരും ഗവ‍ര്‍ണറും തമ്മിലുളള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണെന്ന് തന്നെയാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. നിയമസഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണർക്ക് എങ്ങിനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാരും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനം ഉന്നയിച്ചിരുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാം വിശദാംശങ്ങൾ തേടി തിരിച്ച് അയക്കാം. അല്ലെങ്കി രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയിൽ പറയുന്നത്. വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണർ ഒപ്പിടണം. പക്ഷെ പലപ്പോഴും മിക്ക ഗവർണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകൾ തടഞ്ഞുവെക്കുന്നതാണ് ഇന്ത്യയിലെ പതിവ്. ‘പോക്കറ്റ് വീറ്റോ’ എന്ന് വിളിപ്പേരിൽ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മർദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സർക്കാർ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യങ്ങളിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുകയെന്നതാണ് അടിയന്തര യോഗത്തിലൂടെ സിപിഎം ഉദ്ദേശിക്കുന്നത്. 

Exit mobile version