‘സൗര’ കുതിപ്പിൽ കേരളം.

കൊച്ചി:പുരപ്പുറങ്ങളിലെ ‘സൗര’ കുതിപ്പിൽ കേരളം നേടി 100 മെഗാവാട്ട്‌. കെഎസ്‌ഇബിയും അനെർട്ടുംകൂടി നടപ്പാക്കുന്ന സൗര പദ്ധതിവഴി പുരപ്പുറങ്ങളിലെ സൗരോർജ വൈദ്യുതോൽപ്പാദനശേഷി 100 മെഗാവാട്ടെത്തി (ഒരു മെഗാവാട്ട്‌=10 ലക്ഷം വാട്ട്‌). ഇതിൽ 80 മെഗാവാട്ട്‌ ഉൽപ്പാദനം വീടുകൾക്കുമുകളിലും 20 മെഗാവാട്ട്‌ സർക്കാർ, സർക്കാരിതര കെട്ടിടങ്ങൾക്കുമുകളിൽ സ്ഥാപിച്ച സൗരനിലയങ്ങളിൽനിന്നുമാണ്‌.

സംസ്ഥാനത്ത് സൗരോർജ വൈദ്യുതി ഉൽപ്പാദനം ഉയർത്താൻ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആവിഷ്‌കരിച്ചതാണ്‌ സൗര. കെഎസ്‌ഇബിയും അനെർട്ടും മുഖേന ഇതിനകം 25,491 പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിച്ച്‌ വൈദ്യുതോൽപ്പാദനം ആരംഭിച്ചു. ഇതിൽ 22,551  എണ്ണം വീടുകളിലാണ്‌.  സൗര പദ്ധതിയിൽ വീടുകൾക്കുമുകളിൽ ഏറ്റവും കൂടുതൽ സൗരോർജനിലയം സ്ഥാപിച്ച ജില്ല എറണാകുളമാണ്. ജില്ലയിലെ 4292 വീടുകൾക്കുമുകളിൽ നിലയം സ്ഥാപിച്ചു.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ തൃശൂരും (3624), തിരുവനന്തപുരവുമാണ്‌ (2756). കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹായവും സൗര പദ്ധതിക്കുണ്ട്‌. സൗര പദ്ധതിക്കുകീഴിൽ അല്ലാതെ ഉപയോക്താക്കൾ നേരിട്ടും പുരപ്പുറനിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്‌.  ഇതുംകൂടി കണക്കിലെടുക്കുമ്പോൾ ശേഷി ഇനിയും ഉയരും.

കെഎസ്‌ഇബി, അനെർട്ട്‌ നേതൃത്വത്തിൽ സൗരോർജനിലയങ്ങൾ സ്ഥാപിച്ച വീടുകളുടെ എണ്ണം(ബ്രാക്കറ്റിൽ) ജില്ല തിരിച്ച്‌: തിരുവനന്തപുരം(2756), കൊല്ലം(1526), പത്തനംതിട്ട  (775), കോട്ടയം(1430), ആലപ്പുഴ(1641), എറണാകുളം(4292), ഇടുക്കി(303), തൃശൂർ(3624), പാലക്കാട്‌ (1702), മലപ്പുറം(1692), കോഴിക്കോട്‌ (1397), വയനാട്‌(194), കണ്ണൂർ(1689), കാസർകോട്‌ (530).

Exit mobile version