സ്വർണ്ണ വില ഇന്ന് പവന് 80 രൂപ വര്‍ധിച്ചു.

ഇന്നലത്തെ റെക്കോഡ് വില തിരുത്തിയിരിക്കുകയാണ് സ്വര്‍ണം. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 52880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൊടുക്കേണ്ടത്. അതായത് ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 6610 രൂപ വേണം. ഇന്നലത്തെ പോലെ ഇന്ന് വൈകീട്ടും സ്വര്‍ണവില കൂടിയാല്‍ 53000 എന്ന മാജിക് ഫിഗറില്‍ സ്വര്‍ണമെത്തും.

മാര്‍ച്ച് 29 നാണ് സ്വര്‍ണവില ആദ്യമായി 50000 ത്തില്‍ എത്തിയത്. അതിന് ശേഷം സ്വര്‍ണത്തിന്റെ പവന്‍വില അരലക്ഷത്തില്‍ നിന്ന് താഴേക്ക് വീണിട്ടില്ല. ഏപ്രില്‍ മാസത്തെ ഏറ്റവും കുറഞ്ഞ വില 50680 ആണ്. ഏപ്രില്‍ രണ്ടിനായിരുന്നു ഇത്. അതിന് ശേഷം 50000 എന്ന ഫിഗറിലേക്കും സ്വര്‍ണവില എത്തിയിട്ടില്ല. 51000-52000 എന്നതിന് ഇടക്കാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഈ ആഴ്ചയിലെ മൂന്ന് ദിവസം കൊണ്ട് തന്നെ 360 രൂപയുടെ വര്‍ധനവുണ്ടായി കഴിഞ്ഞു. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ തന്നെ സ്വര്‍ണത്തിന് ഏറെ ഡിമാന്‍ഡുള്ള സമയമാണ് മാര്‍ച്ച്-മേയ് മാസങ്ങള്‍.

Exit mobile version