പാലക്കാട്: സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച് ആർ ഡിഎസ് പുറത്താക്കി. സ്വപ്നക്കെതിരെ നടക്കുന്ന അന്വേഷണം ജോലിയെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് നടപടി. സ്വപ്നയുടെ താത്പര്യം കൂടി മാനിച്ചാണ് നടപടിയെന്നും എച്ച് ആർഡിഎസ് വ്യക്തമാക്കി. 2022 ഫെബ്രുവരി 18നാണ് സ്വപ്നയ്ക്ക് എച്ച് ആർ ഡി എസ് നിയമനം നൽകിയത്.
കേസിലെ പ്രതികളിലൊരാളായ എം ശിവശങ്കറിനെ സർക്കാർ ജോലിയിൽ തിരിച്ചെടുത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നൽകിയതെന്ന് എച്ച്ആർഡിഎസ് അറിയിച്ചിരുന്നു. സ്വപ്നക്ക് ജോലി നൽകിയതിൻറെ പേരിൽ സർക്കാർ വകുപ്പുകൾ വേട്ടയാടുന്നുവെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. അതേ സമയം ജോലിയിൽ നിന്ന് മാറ്റിയെങ്കിലും കമ്പനിയുടെ സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരും എന്നും എച്ച് ആർഡിഎസ് അറിയിച്ചിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ടസ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് സ്വപ്ന സുരേഷിന് എച്ച്ആർഡിഎസിൽ ജോലി ലഭിച്ചത്. കമ്പനിയുടെ സിഎസ്ആർ ഡയറക്ടറായി പ്രതിമാസം 43000 രൂപ ശമ്പളത്തിലാണ് എച്ച് ആർഡിഎസ് സ്വപ്നക്ക് നിയമനം നൽകിയത്.