സിപിഐ എം പാലക്കാട്, ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസുകൾ ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

പാലക്കാട് : സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസായ ഇ എം എസ് ഭവനും ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസായ ആലത്തൂർ ആർ കൃഷ്‌ണൻ സ്‌മാരകവും തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പാലക്കാട്‌ ഏരിയ കമ്മിറ്റി ഓഫീസ്‌ പകൽ 11നും ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ വൈകിട്ട്‌ നാലിനുമാണ്‌ ഉദ്‌ഘാടനം. യോഗങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു അധ്യക്ഷനാകും. പാലക്കാട്‌ ഏരിയ കമ്മിറ്റി ഓഫീസിലെ ടി ശിവദാസമേനോൻ സ്മാരക ഹാൾ കേന്ദ്രകമ്മിറ്റി അം​ഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ലൈബ്രറിയും മീഡിയ സെന്റർ സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസും ഉദ്‌ഘാടനം ചെയ്യും. ഓഫീസ് പരിസരത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൊതുസമ്മേളനം ചേരും. 2002ൽ പാർടി സ്വന്തമായി വാങ്ങിയ കെട്ടിടം 3,750 ചതുരശ്ര അടിയാക്കി നവീകരിക്കുകയായിരുന്നു. സിപിഐ എം ഒലവക്കോട് ലോക്കൽ കമ്മിറ്റി വലിയപാടം പുതുപ്പാളയത്തെ നന്ദകുമാർ-ഗിരിജ ദമ്പതികൾക്ക് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ താക്കോൽ യോഗത്തിൽ മുഖ്യമന്ത്രി കൈമാറും. തുടർന്ന്‌ പാലക്കാട്‌ മെഹ്ഫിൽ അവതരിപ്പിക്കുന്ന വിപ്ലവഗാനമേള അരങ്ങേറും. ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സിപിഐ എം നിർമിച്ചുനൽകിയ 10 സ്‌നേഹവീടിന്റെ താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ പതാക ഉയർത്തും. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ടി ശിവദാസമേനോൻ ഹാളും സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് മീഡിയ റൂമും ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ആർ കൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. ഏരിയ സെക്രട്ടറി സി ഭവദാസൻ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സ്വാതി ജങ്‌ഷനിൽ പൊതുസമ്മേളനം നടക്കും. ആലത്തൂർ സ്വാതി ജങ്‌ഷന്‌ സമീപം 16 സെന്റ്‌ സ്ഥലം വാങ്ങി 5,800 ചതുരശ്ര അടിയിലാണ്‌ കെട്ടിടം നിർമിച്ചത്.

Exit mobile version