സിപിഎമ്മിന്റെ അറിവോടെയാണ് അക്രമമെന്ന് മുഖ്യമന്ത്രിയുടെ വാക്കില്‍ തെളിഞ്ഞു: വി.ടി.ബലറാം

കണ്ണൂര്‍: സിപിഎമ്മിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തതെന്ന് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകളിലൂടെ വ്യക്തമാവുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എം എല്‍എയുമായ വി ടി ബല്‍റാം.കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എഫ്ഐ നടത്തിയ അക്രമത്തെ തള്ളിപറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സമരം നിര്‍ത്തിക്കൂടെ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ തള്ളലല്ല നമ്മള്‍ക്ക് കേള്‍ക്കേണ്ടത്. നിയമാനുസൃതമായ നടപടിയാണ് വേണ്ടത്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് കൊലയുമായി ബന്ധമില്ലെന്ന് പറഞ്ഞവര്‍ പിന്നീട് കേസില്‍ പ്രതികളായവര്‍ക്ക് നിയമസഹായവും ഭക്ഷണവും എല്ലാം വാങ്ങികൊടുത്തു. പ്രതിയുടെ വിവാഹത്തിന് നേതൃത്വം കൊടുത്തത് എംഎല്‍എ ആയിരുന്നു. ആ പാര്‍ട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി പദത്തിലിരുന്നു തള്ളല്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഈ വാക്ക് മുഖവിലക്കെടുക്കുന്നില്ലെന്നും  കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബല്‍റാം  പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തോടെ ഉയര്‍ന്ന ജനരോഷം മറച്ച്വെച്ച് സംഭവത്തെ വഴിതിരിച്ച് വിടാനാണ് സിപിഎം ഇപ്പോള്‍ നടത്തുന്ന പ്രചരണങ്ങള്‍. മഹാത്മഗാന്ധിയുടെ ഛായചിത്രം  തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഓഫീസില്‍ അക്രമം നടത്തുന്നതിന് നേരത്തെ അവര്‍ തീരുമാനിച്ചതാണ്. സിപിഎം സൈബര്‍ പോരാളികളുടെ പോസ്റ്റുകളില്‍ ഇക്കാര്യമുണ്ടായിരുന്നു. എന്നിട്ടാണ് തങ്ങള്‍ക്ക് അറിവില്ലെന്ന തരത്തില്‍ പറഞ്ഞ് അവര്‍ സംഭവത്തില്‍ നിന്നും ഊരാന്‍ ശ്രമിക്കുന്നത്. ഓഫീസില്‍ അക്രമം നടക്കുമ്പോള്‍ അവിടെ പോലീസുണ്ടായിരുന്നു. എന്നാല്‍ ഓഫീസ് എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയശേഷമാണ് അവര്‍ എസ്എഫ്ഐ എന്ന വാനരപടക്ക് നേരെ തിരിഞ്ഞത്. വാനരപട രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത്  മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെയുള്ളവര്‍ അറിഞ്ഞ് കൊണ്ട് തന്നെയാണ് ബല്‍റാം പറഞ്ഞു.
നിയമസഭയില്‍ ഇതേവരെ നടക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷം നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരു മുഖ്യമന്ത്രിക്ക് ഇത്രയും തരം താഴാന്‍ പറ്റുമോ എന്ന് ബല്‍റാം ചോദിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോള്‍ ശിവതാണ്ഡവം നടത്തിയവരും കസേര മറിച്ചിട്ട ഇ പി ജയരാജന്റെ മുഖവും ശ്രീരാമകൃഷ്ണന്റെയും കെ ടി ജലീലിന്റെയും എല്ലാം അതിക്രമങ്ങളും കണ്ട വിഷലുകള്‍ ഇപ്പോഴും മാധ്യമങ്ങള്‍ ഇടക്ക് എടുത്തിടുന്നുണ്ട്. അക്കാര്യം ഓര്‍ത്തിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ അഭിപ്രായം പറയുമായിരുന്നില്ല. വാ തുറന്നാല്‍ കളവ് പറയുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായിയെന്നും വി ടി ബല്‍റാം പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജുമുണ്ടായിരുന്നു

Exit mobile version