സാമ്പത്തിക പ്രതിസന്ധിക്കിടയിലും മാനേജ്മെന്റ് വക ധൂർത്ത്: ശമ്പളത്തിനായി സർക്കാരിനോട് അമ്പത് കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും കെഎസ്ആർടിസി മാനേജ്മെന്റിന്റെ ധൂർത്ത്. ഉദ്യോഗസ്ഥർക്ക് പേഴ്സണൽ ട്രെയിനിംഗ് ക്യാമ്പിനായി ചെലവഴിച്ചത് ഒരു കോടി രൂപ. സെപ്റ്റംബർ മാസത്തിലെ ശമ്പളവിതരണത്തിനായി സർക്കാർ സഹായം തേടുന്നതിനിടെയാണ് മാനേജ്‌മെന്റിൽ ഉദ്യോഗസ്ഥ ധൂർത്തും അരങ്ങേറുന്നത്. തൊഴിലാളികൾക്ക് ശമ്പളം നൽകാൻപോലും കഴിയാത്ത അവസ്ഥയിൽ കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് മാനേജ്മെന്റ് ആവർത്തിക്കുമ്പോൾ തന്നെയാണ് ഉദ്യോഗസ്ഥരുടെ ധൂർത്തും നടക്കുന്നത്. വ്യക്തിത്വ വികസന ക്യാമ്പെന്ന പേരിൽ മാനേജ്മന്റ് ഓഫീസർമാർക്ക് നൽകുന്ന പാർട്ടിയാണിത്. തമ്പാനൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞയാഴ്ചയിലാണ് പാർട്ടി നടന്നത്. ഡിപ്പോ എൻജിനിയർമാർ, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരാണ് ഇതിൽ പങ്കെടുത്തത്. അതിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസി സെപ്റ്റംബറിലെ ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാരിനോട് സഹായം തേടി. മാനേജ്മെന്റ് 50 കോടി രൂപയാണ് ആവശ്യപ്പെട്ടത്. അതേസമയം കെഎസ്ആർടിയിൽ ഇന്നുമുതൽ പുതിയ ഡ്യൂട്ടി സമ്പ്രദായത്തിന് തുടക്കമാകും. ഇതുപ്രകാരം ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കി തുടങ്ങും. പാറശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.എട്ട് ഡിപ്പോകളിൽ ഡ്യൂട്ടി പരിഷ്‌കരണത്തിന് നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. കഴിഞ്ഞ ദിവസം മാനേജ്മെന്റ് വിളിച്ച യോഗത്തിൽ സിഐടിയു, ബിഎംഎസ് യൂണിയനുകൾ സർക്കാർ തീരുമാനത്തെ പിന്തുണച്ചിരുന്നു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയശേഷം ആറ് മാസം പരിശോധിച്ച് പരാതികൾ പരിഹരിക്കാനാണ് സർക്കാരിന്റെ തീരുമാനം. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്ന ഷെഡ്യൂളുകളിൽ മണിക്കൂറിന് ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. എന്നാൽ സിംഗിൾ ഡ്യൂട്ടി പ്രകാരം 12 മണിക്കൂർ എന്നതാണ് രീതി. ഇതിൽ എട്ട് മണിക്കൂർ ബസിൽ ജോലിചെയ്യണം. ബാക്കി നാല് മണിക്കൂർ ഡിപ്പോയിൽ ഉണ്ടായിരിക്കണം. ഈ നാല് മണിക്കൂറിന് വേതനമില്ല. ഇതിനെതിരെയാണ് യൂണിയനുകളുടെ പ്രതിഷേധം. തീരുമാനത്തെ തുടക്കം മുതൽ എതിർക്കുന്ന ടിഡിഎഫ്, ഇന്നുമുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് മാറ്റി വച്ചു. പണിമുടക്കിന് ആധാരമായ ഡിമാന്റുകളിൽ പന്ത്രണ്ട് മണിക്കൂർ സ്‌പ്രെഡ് ഓവറുള്ള സിംഗിൾ ഡ്യൂട്ടികൾ നടപ്പാക്കാത്ത സാഹചര്യത്തിലും ഇതുസംബന്ധിച്ച് ടിഡിഎഫ് ഹൈക്കോടതിയിൽ നൽകിയ കേസ് 17ാം തീയതി വാദത്തിന് വരുന്ന സാഹചര്യത്തിലുമാണ് പണിമുടക്ക് മാറ്റി വച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവിയും വർക്കിംഗ് പ്രസിഡന്റ് വിൻസെന്റ് എംഎൽഎയും ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാറും അറിയിച്ചു.

Exit mobile version