സമരം കടുപ്പിച്ച് ലത്തീൻ കത്തോലിക്കാ സഭ, റോഡ് ഉപരോധസമരം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം കടുപ്പിച്ച്‌ മത്സ്യത്തൊഴിലാളികൾ. എട്ടു കേന്ദ്രങ്ങളിൽ രാവിലെ തുടങ്ങിയ സമരത്തിൽ തലസ്ഥാന ന​ഗരം സ്തംഭിച്ചു. മിക്ക സ്ഥലത്തും ​ഗതാ​ഗതം താറുമാറായി. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുകയാണ്. വള്ളങ്ങൾ അടക്കം ഉപയോഗിച്ചാണ് ഉപരോധസമരം. ആറ്റിങ്ങൽ. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്‌റ്റേഷൻകടവ്, പൂവാർ, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിൽ സമരക്കാർ റോഡ് ഉപരോധിച്ചു. ആറ്റിങ്ങലിൽ സ്ത്രീകൾ അടക്കം റോഡിൽ കുത്തിയിരുന്ന് സമരം നടത്തുകയാണ്.

റോഡ് ഉപരോധസമരത്തെത്തുടർന്ന് ആറ്റിങ്ങൽ, തിരുവല്ലം, വാഴമുട്ടം എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷൻ കടവും സമരക്കാർ ഉപരോധിച്ചു. വിഎസ് എസ് സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ചാക്ക ബൈപ്പാസിലും ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം വഴിതിരിച്ചു വിടുകയാണ്.
സമരക്കാർ സെക്രട്ടേറിയറ്റിലേക്കും മാർച്ച്‌ നടത്തും. സമരം ഇന്ന് 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്തുന്നത്. ലത്തീൻ അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. സമരം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സർക്കാരിന് തികഞ്ഞ ദാർഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളിൽ വായിച്ച സ!ർക്കുലറിൽ പറയുന്നു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്.

Exit mobile version