സഞ്‌ജു സാംസന്റെ സ്വപ്‌നം; ഇന്ത്യൻ കുപ്പായത്തിൽ ലോകകപ്പ്‌ കളിക്കാൻ അവസരം .

ന്യൂഡൽഹി: ഒടുവിൽ സഞ്‌ജു സാംസന്റെ സ്വപ്‌നം പൂർത്തിയായിരിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യൻ കുപ്പായത്തിൽ ലോകകപ്പ്‌ കളിക്കാൻ അവസരം കൈവന്നിരിക്കുന്നു. ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്നതായിരുന്നു സഞ്‌ജുവിന്റെ അവസ്ഥ. ഓരോ ലോകകപ്പ്‌ വേളയിലും അവസാന നിമിഷംവരെ കാത്തിരിക്കും. പക്ഷേ, ടീമിലുണ്ടാകില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലും സമാനമായിരുന്നു കാര്യങ്ങൾ. അവസാനഘട്ടത്തിൽ സൂര്യകുമാർ യാദവ്‌ സഞ്‌ജുവിനെ മറികടന്ന്‌ ടീമിൽ ഇടംനേടി.

2015ലായിരുന്നു അരങ്ങേറ്റം, സിംബാബ്‌വെയ്‌ക്കെതിരെ. അതുകഴിഞ്ഞ്‌ നാലരവർഷം കഴിഞ്ഞാണ്‌ അടുത്ത അവസരം കിട്ടുന്നത്‌. ഏകദിനത്തിലും സമാനമായിരുന്നു അവസ്ഥ. 2021ൽ അരങ്ങേറി. അടുത്ത അവസരം കിട്ടുന്നത്‌ ഒരുവർഷം കഴിഞ്ഞ്‌. ട്വന്റി20യിൽ അവസാന മത്സരം ഈ വർഷം ആദ്യം അഫ്‌ഗാനിസ്ഥാനെതിരെയായിരുന്നു. റണ്ണെടുക്കുംമുമ്പ്‌ പുറത്തായി. ആദ്യ രണ്ടുകളിയിലും അവസരം കിട്ടിയിരുന്നില്ല. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2022 ലോകകപ്പിൽ ദിനേശ്‌ കാർത്തിക്കാണ്‌ വിക്കറ്റ്‌ കീപ്പറായത്‌. ഇക്കുറി മത്സരം കെ എൽ രാഹുലുമായിട്ടായിരുന്നു. ഋഷഭ്‌ പന്തിന്റെ കാര്യം ഉറപ്പായിരുന്നു. സഞ്‌ജുവിന്‌ രാഹുൽ, ജിതേഷ്‌ ശർമ എന്നിവരുമായിട്ടായിരുന്നു മത്സരം. കഴിഞ്ഞ ലോകകപ്പിനുശേഷം ഇന്ത്യക്കായി രാഹുൽ ട്വന്റി20 കളിച്ചിട്ടില്ല. പ്രഹരശേഷി കുറവും ഒഴിവാക്കാനുള്ള കാരണമായി. ജിതേഷ്‌ സമീപകാലത്തെ പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലിലെ മോശം പ്രകടനം തിരിച്ചടിയായി.

രാജസ്ഥാൻ റോയൽസിനായി സീസണിൽ ഒമ്പതുകളിയിൽ 161.08 പ്രഹരശേഷിയോടെ 385 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. അതിൽ നാല്  അർധസെഞ്ചുറിയും ഉൾപ്പെടും. അവസാന കളിയിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സിക്‌സർ പറത്തി വിജയ റൺ കുറിച്ചശേഷം സഞ്‌ജു ആഘോഷം മുഴക്കിയിരുന്നു. അതൊരു പ്രഖ്യാപനംകൂടിയായിരുന്നു. ആ ഇന്നിങ്സായിരിക്കും സെലക്ടർമാരുടെ കണ്ണ്‌ തുറപ്പിച്ചിട്ടുണ്ടാകുക. അതുവരെ പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനായിരുന്നു സാധ്യത നൽകിയിരുന്നത്‌. ക്യാപ്‌റ്റനെന്ന നിലയിലും മലയാളിതാരം മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌.  ട്വന്റി20യിൽ ഇന്ത്യക്കായി 25 മത്സരങ്ങളിൽ 374 റണ്ണാണ്‌ നേടാനായത്‌. ബാറ്റിങ്‌ ശരാശരി 18 മാത്രം. എന്നാൽ, ഒരു പരമ്പരയിൽപ്പോലും എല്ലാ മത്സരങ്ങളും കളിക്കാൻ അവസരം കിട്ടാറില്ല. തുടർച്ചയായി അവസരം കിട്ടാത്തത്‌ കളിയെ ബാധിച്ചു.

Exit mobile version