സംസ്ഥാനത്ത് മണിക്കൂറുകള്‍ക്കിടെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 200 വര്‍ധിച്ച് 52800 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 6600 രൂപ നല്‍കണം. മഞ്ഞലോഹം വാങ്ങണമെങ്കില്‍ കൈപൊള്ളുമെന്ന് വിലയിലൂടെ വ്യക്തമാണ്. മണിക്കൂറുകള്‍ക്കിടെയാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്. വൈകാതെ പവന്റെ വില 60000 പിന്നിടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സ്വര്‍ണ നിരക്ക് കുതിക്കുന്നത്.

അതേസമയം ഓഹരി വിപണി നഷ്ടത്തിലാവാതെ തന്നെയാണ് സ്വര്‍ണത്തിന്റെ ഈ മുന്നേറ്റം. ഇന്ന് രാവിലെ സ്വര്‍ണ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ 2343 ഡോളറായിരുന്നു സ്വര്‍ണവില. ഉച്ചയ്ക്ക് ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയരുകയായിരുന്നു. ഇതോടെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണവില കുതിച്ച് കയറുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം കേരള വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു. അതേസമയം ദേശീയ തലത്തിലും സ്വര്‍ണം കുതിപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ 24 ക്യാരറ്റ് സ്വര്‍ണ വില പത്ത് ഗ്രാമിന് 71430 രൂപയിലെത്തിയിരുന്നു. മുംബൈയില്‍ പത്ത് ഗ്രാമിന് 71280 രൂപയും, ചെന്നൈയില്‍ പത്ത് ഗ്രാമിന് 72150 രൂപയുമായിരുന്നു വില

Exit mobile version