സംസ്ഥാനത്ത്‌ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അനെർട്ട് സൗരോര്‍ജ ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിച്ചു.

കൊച്ചി:സംസ്ഥാനത്ത്‌ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അനെർട്ട് സൗരോര്‍ജ ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിച്ചു. തൃശൂർ, പാലക്കാട്‌, എറണാകുളം ജില്ലകളിലായി അഞ്ച്‌ സ്‌റ്റേഷനുകളാണ് അനെർട്ട് സജ്ജീകരിച്ചത്‌. ഉദ്‌ഘാടനം ഉടൻ നടക്കും. പൂർണമായും സർക്കാർ ചെലവിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ സൗരോർജ ചാർജിങ്‌ സ്‌റ്റേഷനുകളാണിത്‌. അതിവേഗ ചാർജിങ് ഇവിടെ സാധ്യമാകും.

ഒരേസമയം ഒമ്പത്‌ വാഹനങ്ങൾ (അഞ്ച്‌ കാർ, ഒരു ബൈക്ക്‌, മൂന്ന്‌ ഓട്ടോറിക്ഷകൾ) ഇവിടെനിന്നും ചാർജ്‌ ചെയ്യാൻ കഴിയും. ഒരു സ്‌റ്റേഷന്‌ 40 ലക്ഷം രൂപയാണ്‌ മുതൽമുടക്ക്‌. എറണാകുളത്ത്‌ മുട്ടം, കുസാറ്റ്‌ മെട്രോ സ്‌റ്റേഷനുകളിലും കളമശേരി എച്ച്‌എംടി സ്‌റ്റാർട്ടപ് മിഷൻ, തൃശൂർ കാണിപയ്യൂർ, ഷൊർണൂർ മെറ്റൽ ഇൻഡസ്‌ട്രീസ്‌ എന്നിവിടങ്ങളിലാണ്‌ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 60–-80 കിലോവാട്ട്‌ ശേഷിയുള്ള മെഷീനുകളാണ്‌ സ്‌റ്റേഷനിലുള്ളത്‌, ഇവിടെ ജീവനക്കാരുണ്ടാകില്ല. ഡ്രൈവർക്കുതന്നെ ചാർജ്‌ ചെയ്ത് ഓൺലൈനായി പണമടയ്ക്കാം. യൂണിറ്റിന്‌ 13 രൂപയും ജിഎസ്ടിയും ഈടാക്കും.

Exit mobile version