തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് അറിയിപ്പിൽ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്നുമുതൽ വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനത്തിൽ ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നാണ് റിപ്പോർട്ട്.
2023 സെപ്റ്റംബർ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ അറിയിപ്പിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്.