സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 0.6 മുതൽ 3.9  മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22cm നും 83cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

Exit mobile version