സംസ്ഥാനത്തെ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളിൽ 436 ഇടത്ത്‌ നിക്ഷേപം നടത്തുന്നത്‌ സുരക്ഷിതമാവില്ലെന്ന മുന്നറിയിപ്പുമായി പൊലീസ്‌.

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളിൽ 436 ഇടത്ത്‌ നിക്ഷേപം നടത്തുന്നത്‌ സുരക്ഷിതമാവില്ലെന്ന മുന്നറിയിപ്പുമായി പൊലീസ്‌. കമ്പനി രജിസ്ട്രാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി നിധി കമ്പനികൾ നൽകേണ്ട എൻഡിഎച്ച്‌ ഫോമുകൾ ഫയൽ ചെയ്യാതെ പ്രവർത്തിക്കുന്ന കമ്പനികളുടെ പട്ടിക പൊലീസ്‌ പ്രസിദ്ധീകരിച്ചു. എൻഡിഎച്ച്‌ 4 ഫോമുകൾ നൽകാത്ത 268 കമ്പനികളുണ്ട്‌. എൻഡിഎച്ച്‌ 4 ഫോം നിരസിക്കപ്പെട്ട 168  സ്ഥാപനങ്ങളും സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത്‌ സുരക്ഷിതമാകില്ലെന്ന്‌ പൊലീസ്‌ പറയുന്നു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് . ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്‌ വെങ്കിടേഷ്‌ പറഞ്ഞു.

എൻഡിഎച്ച്‌ ഫോം ഫയൽ ചെയ്യാത്ത കമ്പനികൾ –-തൃശൂർ 131, ആലപ്പുഴ 12, കോഴിക്കോട്‌ 13, കണ്ണൂർ 4, കൊല്ലം 6, കോട്ടയം 14, മലപ്പുറം 12, പാലക്കാട്‌ 19, പത്തനംതിട്ട 7, തിരുവനന്തപുരം 6, വയനാട്‌ 3, എറണാകുളം 41. എൻഡിഎച്ച്‌ ഫോം നിരസിക്കപ്പെട്ടവ –- തൃശൂർ 72, തിരുവനന്തപുരം 14, ആലപ്പുഴ 7, എറണാകുളം 18, ഇടുക്കി 2, കോഴിക്കോട്‌ 9, കണ്ണൂർ 3, കൊല്ലം 8, കാസർകോട്‌ 2, കോട്ടയം 5, മലപ്പുറം 4, പാലക്കാട്‌ 17, പത്തനംതിട്ട 5, വയനാട്‌ 1.

പൊലീസിന്റെ വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാം. https://keralapolice.gov.in/page/announcements

Exit mobile version