സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: രണ്ടു മാസത്തെ വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നുമുതൽ തുറക്കുകയാണ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഓരോ സ്കൂളുകളിലും ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റങ്ങളുമടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.  ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിയിട്ടുണ്ട്. കൂടാതെ വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരിച്ചെത്തിയിരിക്കുകയാണ്.  രാവിലെ 9 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടർന്ന് 9:30 ന് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  മുഖ്യപ്രഭാഷണം നടത്തും. 

Exit mobile version