വ്യവസായ, ഉൽപ്പാദനമേഖലകൾ കുതിക്കുന്നു ; രാജ്യത്തെ ഫാക്ടറിമേഖലയിൽ കേരളത്തിന്റെ പങ്ക്‌ ഉയർന്നു.

തിരുവനന്തപുരം:എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം കേരളത്തിലെ വ്യവസായ, ഉൽപ്പാദന മേഖലകൾ കുതിപ്പിൽ. ഉൽപ്പാദന മേഖല 2014-–-15ലെ 9.78 ശതമാനത്തിൽനിന്ന്‌ 2021–-22 ൽ 18.9 ശതമാനമായി. ദേശീയാടിസ്ഥാനത്തിൽ ഉൽപ്പാദന മേഖലയുടെ വളർച്ച 18.16 ശതമാനമാണ്‌. ഇന്ത്യയുടെ ഫാക്ടറി മേഖലയിൽ കേരളത്തിന്റെ പങ്ക് 2014-–-15ൽ 1.2 ശതമാനമായിരുന്നത്‌ 2018–-19ൽ 1.52 ശതമാനമായി ഉയർന്നതായും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിൽ ഫാക്ടറികൾ തുടങ്ങാൻ സംരംഭകർ മടിക്കുകയാണെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ കണക്കെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു.

കോവിഡിനുശേഷം വ്യവസായ മേഖല അതിവേഗം വളരുകയാണ്‌. 2021–-22ൽ സംസ്ഥാനത്തെ വ്യവസായ വളർച്ചാനിരക്ക്‌ 17.3 ശതമാനമാണ്‌. ഇത്‌ സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്‌. കാർഷിക അനുബന്ധ മേഖല 6.7 ശതമാനവും വളർന്നു. 2022–-23ലെ ആഭ്യന്തര ഉൽപ്പാദനം 9.9 ലക്ഷം കോടിയാകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ, പുതുക്കിയ കണക്കുപ്രകാരം ആഭ്യന്തര ഉൽപ്പാദനം 10.18 ലക്ഷം കോടിയായി ഉയർന്നു. തനതു വരുമാനത്തിലും വലിയ വർധനയുണ്ട്‌.

Exit mobile version