സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് (ബുധൻ) രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉപതെരഞ്ഞെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 12 ജില്ലയിലായി രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എറണാകുളം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നതിൽ തടസ്സമില്ലെന്നും വോട്ടെണ്ണാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എറണാകുളം കലക്ടറെ അറിയിച്ചു. തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച വ്യക്തതയ്ക്കായി കലക്ടർ കമീഷനെ സമീപിച്ചത്.