വികസനത്തുടർച്ച ഉറപ്പാക്കി ; നാളെയുടെ പദ്ധതികളും ; കൊച്ചിയുടെ മനസ്സറിഞ്ഞ്‌ ബജറ്റ്‌.

കൊച്ചി:മുൻ ബജറ്റുകൾ തുടക്കമിട്ട ജില്ലയുടെ വികസനക്കുതിപ്പിന്‌ വേഗവും ഊർജവും പകരുന്നതിനൊപ്പം നാളെയെ മുന്നിൽക്കാണുന്ന വൻ പദ്ധതികളും ഉൾപ്പെടുത്തിയാണ്‌ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ്‌. റോഡ്‌ വികസനത്തിനും പെട്രോകെമിക്കൽ വ്യവസായത്തിനും ഗ്രഫീൻ ഗവേഷണത്തിനും ഐടി മേഖലയ്‌ക്കും സ്‌റ്റാർട്ടപ് സംരംഭങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയ മുൻ ബജറ്റ്‌ പ്രഖ്യാപനത്തിലെ പദ്ധതികളുടെ പൂർത്തീകരണത്തിന്‌ ഇത്തവണയും കൂടുതൽ ഫണ്ട്‌ നീക്കിവച്ചു. ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരത്തിനൊപ്പം കൊച്ചിക്കും പ്രത്യേക ഫണ്ട്‌. ചെറുകിട വ്യവസായസംരംഭകർക്ക്‌ കൈത്താങ്ങായി മാറുന്ന കാക്കനാട്ടെ അന്താരാഷ്‌ട്ര വിപണനകേന്ദ്രത്തിനും കൂടുതൽ തുക. ബംഗളൂരു–-കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്‌റ്റ്‌ സിറ്റിക്കും ഫണ്ട്‌ അനുവദിച്ചു.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്ററിന്റെ രണ്ടാംഘട്ടവികസനം പൂർത്തിയാകുന്നതിനിടെ, ആരോഗ്യ വിദ്യാഭ്യാസ പദ്ധതി ഇനത്തിൽ വീണ്ടും ബജറ്റ്‌ വിഹിതം അനുവദിച്ചത്‌ കൂടുതൽ ഗവേഷണസൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായമാകും. എറണാകുളം ഗവ. മെഡിക്കൽ കോളേജിലും തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലും കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താനും ഫണ്ട്‌ അനുവദിച്ചു.

Exit mobile version