വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ.

വാകേരി: വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയുടെ ഇനി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ. സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ കടുവയെ പാർപ്പിക്കും. പരുക്കേറ്റ കടുവയുടെ ആരോഗ്യം വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂക്കിനേറ്റ മുറിവിനാകും ആദ്യം ചികിൽസ നല്‍കുക. കടുവയെ മാറ്റാൻ ചീഫ്‌ സെക്രട്ടറി തലത്തിലെടുത്ത തീരുമാനപ്രകാരമാണ്‌ നടപടി. മന്ത്രി എ കെ ശശീന്ദ്രൻ ,വനം അഡീഷണൽ ചീഫ്‌ സെക്രട്ടറി, ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ എന്നിവർക്ക്‌ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം. 

കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിൽനിന്ന്‌ കടുവയെ തൃശൂരിലേക്ക്‌ കൊണ്ടുപോയി.  ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും അറിയിച്ചശേഷമാണ്‌ കൂടല്ലൂരിൽനിന്ന്‌ കടുവയെ കൊണ്ടുപോയത്‌.   കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിലെ ഒരാൾക്ക്‌ ഉടൻ വനംവകുപ്പിൽ താൽകാലിക  ജോലി നൽകും. കുടുംബത്തിന്‌ കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള റിപ്പോർട്ടിൻമേലുള്ള നടപടികൾ വേഗത്തിലാക്കും. ചർച്ചയിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന്‌ സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Exit mobile version