വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് കിട്ടിയത് രണ്ടു ലക്ഷം രൂപയോളം വില വരുന്ന മയക്കുമരുന്ന്.

തൃശ്ശൂർ: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ ചാലിശ്ശേരി കുന്നംകുളം പോലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.  സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. ലിഷോയ്,  ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പോലീസ് പിടികൂടിയത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ലിഷോയ്. ലിഷോയ്ക്കെതിരെ ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതുൾപ്പടെ മൂന്ന് കേസുകൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.  ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്  ലിഷോയ് ചാലിശ്ശേരി ആലിക്കരയിൽ മുഹമ്മദ് ഷെറിന്‍റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് കുന്നംകുളം പോലീസും ചാലിശ്ശേരി പോലീസും സംയുക്തമായി ഇവർ ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.പോലീസെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞ് അന്വേഷണ സംഘം പിടികൂടുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് 63. 66 ഗ്രാം എംഡിഎംഎയും, 19.1 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

Exit mobile version