തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും തന്റെ മകനും എൻ ഡി എ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി തോൽക്കുമെന്ന് എകെ ആന്റണി. ആരോഗ്യകാരണങ്ങളാലാണ് താൻ പ്രചരണത്തിന് പോകാത്തതെന്നും താൻ പോയില്ലെങ്കിലും മണ്ഡലത്തിൽ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മക്കളെ കുറിച്ച് എന്നെ കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയിൽ മകൻ അനിൽ തോൽക്കണം. ആന്റോ ആന്റണി ജയിക്കണം. കാരണം ഞാൻ കോൺഗ്രസുകാരനാണ്, എന്റെ മതം കോൺഗ്രസാണ്. പത്തനംതിട്ടയിൽ ഞാൻ പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. കേരളത്തിലെ ബിജെപിയുടെ സുവർണകാലം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് കുറച്ച് വോട്ട് കിട്ടി. ഇത്തവണ 2019 ൽ കിട്ടിയ വോട്ട് കേരളത്തിൽ ബിജെപിക്ക് ഒരിടത്തും കിട്ടില്ല. ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും. കോൺഗ്രസ് ഒരു മഹാപ്രസ്ഥാനമാണ്. ഇഎംഎസും എകെജിയും കോൺഗ്രസ് ആയിരുന്നില്ലേ? അവരൊക്കെ പോയിട്ടും കോൺഗ്രസ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉള്ള കാലത്തോളം കോൺഗ്രസ് ഇവിടെ ഉണ്ടാകും. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കില്ലെന്ന് മാത്രമല്ല അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പാർട്ടിയുടെ പൂർവികർ. കോൺഗ്രസിനെ ആക്ഷേപിച്ചാൽ കേരളത്തിലെ ദമനം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികൾ. കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് തിരുത്തി, തെറ്റിപ്പോയെന്ന് പറഞ്ഞു. അതാണ് ചരിത്രം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണം. കേരളത്തിൽ പിണറായിയുടെ ജനദ്രോഹ നടപടികൾക്കെതിരായി 20 സീറ്റും യു ഡി എഫിന് നൽകണമെന്നും എ കെ ആന്റണി പറഞ്ഞു.