ന്യൂഡൽഹി: ലോക്സഭ തിരഞ്ഞടുപ്പ ഫലം വന്നതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. ശേഷം കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദ്ദേശം നൽകി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം തന്റെ വസതിയിൽ വെച്ച് ചേർന്നതിന് ശേഷമാണ് നരേന്ദ്രമോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
എൻഡിഎ മുന്നണി യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ബിഹാറിലെ ജെഡിയുവും ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും എൻഡിഎക്കൊപ്പമുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുക, എൻഡിഎ 400 സീറ്റുകൾ സ്വന്തമാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാൻ ബിജെപിയ്ക്ക് സാധിച്ചില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.