ലോകായുക്ത നിലപാട് കടുപ്പിക്കാൻ സിപിഐക്കുള്ളിൽ സമ്മർദം ശക്തമാകുന്നു

കൊല്ലം: തങ്ങളുടെ നേതാവ് ഇ. ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെ ഭരണതലത്തിലെ അഴിമതി അവസാനിപ്പിക്കാൻ പാസാക്കിയ ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കാൻ കൂട്ടുനിൽക്കരുതെന്ന് സിപിഐ നേതൃത്വത്തിന് വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നു കർശന നിർദേശം. ഈ മാസം 20നു കൊല്ലത്തു ചേരുന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോ​ഗത്തിൽ ഇതു സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കണണെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളുടെ ആവശ്യം.
ലോകായുക്ത പതിന്നാലാം വകുപ്പ് സംബന്ധിച്ചാണു തർക്കം. ഇതനുസരിച്ച് അഴിമതി സംബന്ധമായ പരാതികളിൽ ലോകായുക്ത തീരുമാനം എന്തു തന്നെയായാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അഴിമതി ആരോപണം ലോകായുക്ത അം​ഗികരിച്ചാൽ അതിന്റെ വിധി അം​ഗീകരിച്ച് അധികാര സ്ഥാനത്തിരിക്കുന്നവരെ പുറത്താക്കാൻ വരെ 14ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഈ വകുപ്പാണ് സിപിഎം എതിർക്കുന്നത്. ലോകായുക്തയുടെ വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണു പുതിയ ഭേദ​ഗതി. എന്നുവച്ചാൽ ലോകായുക്ത വിധി അനുകൂലമാണെങ്കിൽ അ​ഗീകരിക്കുക, വിപരീതമാണെങ്കിൽ തള്ളുക എന്നതാണ് ഭേദ​ഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.
മുൻ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങൾ എഴുതിത്തള്ളിയതും മകന് വഴി വിട്ട് നിയമനം നൽകിയതും നിയമവിരുദ്ധമായാണെന്ന് ലോകായുക്ത വിധിച്ചിരുന്നു. ഇടതു പക്ഷത്തുണ്ടായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തെ സഹായിക്കാനും മുഖ്യമന്ത്രി പൊതു ഫണ്ട് വിനിയോ​ഗിച്ചെന്നു കണ്ടെത്തിയിരുന്നു. രണ്ടു സംഭവങ്ങളിലും മുഖ്യമന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമാണെന്നായിരുന്നു ലോകായുക്ത വിധിച്ചത്. 14ാം വകുപ്പ് അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരുന്നു. അതു മറികടക്കാനാണ് പ്രത്യേക ഓര്‌ഡിനൻസിലൂടെ ലോകായുക്തയെ കൂട്ടിലടച്ചത്.
അന്നുതന്നെ സിപിഐയിലെ കാനം വിരുദ്ധർ ഓർഡിനൻസിനെതിരേ രം​ഗത്തു വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ സഹായിക്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാനത്തെ കൂട്ടുപിടിച്ച് സിപിഎം നിലപാട് ശക്തമാക്കി. ഇതാണിപ്പോൾ സിപിഐയിലെ മറ്റ് നേതാക്കൾ എതിർക്കുന്നത്.
ലോകായുക്ത വിധി അതേപടി തള്ളരുതെന്നാണ് വിമത പക്ഷത്തിന്റെ ആവശ്യം. പകരം ഈ വിധി പരിശോധിക്കാനും അന്തിമ തീരുമാനം കൈകേകൊള്ളാനും സ്വതന്ത്ര നിഷ്പക്ഷ സമിതിയെ നിയോ​ഗിക്കണമെന്നാണ് ഇവരുടെ നിർദേശം. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിന്‌ ഉന്നതാധികാര സമതിയുടെ ഘടന 20നു ചേരുന്ന സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും

Exit mobile version