അഹമ്മദാബാദ് : രോഹിത് ശർമയുടെ ഇന്ത്യൻ ടീമും പാറ്റ് കമ്മിൻസിന്റെ ഓസ്ട്രേലിയൻ സംഘവും നാളെ പകൽ രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. സ്റ്റേഡിയം നിൽക്കുന്ന മൊട്ടേരയിൽ ഉത്സവാന്തരീക്ഷമാണ്. തെരുവുകളിൽ ജനക്കൂട്ടം നിറഞ്ഞു. രോഹിത് ശർമയും കൂട്ടരും നാളെ രാത്രിയിൽ കിരീടമുയർത്തുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. കൊൽക്കത്തയിൽ രണ്ടാംസെമി നടക്കുമ്പോൾ മുംബൈ നഗരവും ആകാംക്ഷയിലായിരുന്നു. ആരാകും ഇന്ത്യയുടെ എതിരാളികൾ എന്ന ആവേശം അവരിൽ നിറഞ്ഞു. രണ്ടുദിവസംമുമ്പുതന്നെ മുംബൈയിൽനിന്നുള്ള വണ്ടികൾ നിറഞ്ഞുകവിഞ്ഞു. അഹമ്മദാബാദിലെ ഹോട്ടലുകളിൽ നിരക്ക് കുത്തനെ ഉയർന്നു. 10,000 മുതൽ ഒരുലക്ഷംവരെയാണ് നിരക്ക്. 1.32 ലക്ഷം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് വിലയിരുത്തൽ. ആദ്യ സെമിക്കുമുമ്പുതന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.
കനത്ത സുരക്ഷയിലാണ് നഗരം. ഫൈനലിനുമുമ്പ് ആഘോഷ പരിപാടികളുണ്ടാകും. മുംബൈയിലെ സെമി കഴിഞ്ഞ് ഇന്ത്യൻ ടീം കഴിഞ്ഞദിവസംതന്നെ അഹമ്മദാബാദിൽ എത്തിച്ചേർന്നു. ക്യാപ്റ്റൻ രോഹിത് വൈകിട്ട് പരിശീലനവും നടത്തി. മുൻ താരങ്ങളായ സഞ്ജയ് ബംഗാറുമായും മുഹമ്മദ് കൈഫുമായും മൈതാനത്ത് അൽപ്പസമയം ചെലവഴിച്ചാണ് ക്യാപ്റ്റൻ മടങ്ങിയത്. കൊൽക്കത്തയിൽനിന്നാണ് ഓസ്ട്രേലിയൻ ടീം എത്തുന്നത്. ടീമുകൾ ഇന്ന് വൈകിട്ട് അവസാനവട്ട പരിശീലനം നടത്തും.
മുംബൈയിലെ ന്യൂസിലൻഡുമായുള്ള സെമിക്കുശേഷം മൂന്നുദിവസത്തെ വിശ്രമം കിട്ടിയത് ഇന്ത്യൻ ടീമിന് ഉന്മേഷം പകർന്നിട്ടുണ്ട്. ലീഗ് ഘട്ടത്തിൽ ഓസീസിനെ തോൽപ്പിച്ചെങ്കിലും ഫൈനൽ എളുപ്പമാകില്ലെന്ന് രോഹിതിനും സംഘത്തിനും ഉറപ്പുണ്ട്. ടീമിൽ മാറ്റങ്ങളുണ്ടാകില്ല. പേസർ ജസ്പ്രീത് ബുമ്രയുടെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെയും തട്ടകമാണ് അഹമ്മദാബാദ്. ദക്ഷിണാഫ്രിക്കയുമായുള്ള കടുത്ത പോരാട്ടത്തിനുശേഷമാണ് ഓസീസ് ടീം കൊൽക്കത്തയിൽനിന്ന് വിമാനം കയറിയത്. ഫൈനലിൽ ഇന്ത്യയെ ഭയക്കുന്നില്ലെന്നായിരുന്നു ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്കിന്റെ പ്രതികരണം.