ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്:  സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ  ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. ലഹരി വിതരണ സംഘങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് 2500 രഹസ്യ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി.കെ.സനോജ് എന്നിവര്‍ പറഞ്ഞു.

‘ലഹരിക്കെതിരെ ജനകീയ കവചം’ എന്ന പേരിലുള്ള ക്യാംപെയ്‌നിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നുമുതല്‍ 20 വരെ 2500 കേന്ദ്രങ്ങളില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും.  

സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, വായനശാല, ക്ലബ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിക്കും. ഭരണരംഗത്ത് ഉള്ളവര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. സെപ്റ്റംബര്‍ 18ന് 25, 000 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന് കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തു ലഹരിമാഫിയയുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണെന്നു ഭാരവാഹികള്‍ പറഞ്ഞു. ലഹരിവിതരണം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹികളുടെ വീട് ആക്രമിക്കുന്ന സംഭവം വരെയുണ്ടായി.

Exit mobile version