ന്യൂഡൽഹി:റെയിൽവേയുടെ സെർവറിൽ നുഴഞ്ഞുകയറി ഹാക്കർ മൂന്നുകോടി യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി. ഡൽഹി എയിംസ് ആശുപത്രിയിൽനിന്ന് പ്രമുഖരുടെയടക്കം ആരോഗ്യവിവരം ചോർത്തിയ സൈബർ ആക്രമണത്തിന് ആഴ്‌ചകൾക്കുള്ളിലാണ് അടുത്ത കടന്നുകയറ്റം. ഐആർസിടിസിയുടെ വിവരങ്ങൾ ചോർത്തി ഹാക്കർ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്‌ക്ക് വച്ചെന്നും ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു. എന്നാല്‍ ഇക്കാര്യം റെയിൽവേ മന്ത്രാലയം നിഷേധിച്ചു. വിഷയം ഐആർസിടിസി അന്വേഷിക്കുമെന്നും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് വിശദാംശങ്ങൾ കൈമാറിയെന്നും അറിയിച്ചു.
ഉപയോക്താവിന്റെ വ്യക്തിവിവരവും ടിക്കറ്റ് ബുക്ക് ചെയ്‌തതിന്റെ വിവരവും രണ്ടായാണ് വിൽപ്പനയ്‌ക്ക് വച്ചത്. ആദ്യത്തേതിൽ, ഐആർസിടിസി അക്കൗണ്ട് രൂപീകരിക്കുമ്പോൾ, ഉപയോക്താവ് നൽകുന്ന യൂസർനെയിം, ഇ– -മെയിൽ, ഫോൺ നമ്പർ, ലിംഗം, സംസ്ഥാനം, ഭാഷാ മുൻഗണന എന്നിവയാണുള്ളത്. രണ്ടാം ഭാഗത്തിൽ ട്രെയിൻ നമ്പർ, യാത്രാ വിശദാംശങ്ങൾ, ഇൻവോയ്സ്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾ നൽകുന്ന മറ്റ് വിവരങ്ങൾ എന്നിവ. 400ഡോളർ , 500ഡോളർ , 1400 ഡോളർ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലെ സ്വകാര്യ പണമിടപാട് സേവനദാതാക്കളായ ആമസോൺ, പേടിഎം, മേക്ക് മൈ ട്രിപ് എന്നിവയോട് ഡാറ്റ ചോർച്ച ഉണ്ടായോ എന്ന് പരിശോധിക്കാന്‍ റെയിൽവേ നിർദേശിച്ചു.