രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക എത്തി. ഈ പട്ടികയിൽ 83 സ്ഥാനാർത്ഥികളുടെ പേരാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഒന്നാം പട്ടികയില്‍ ഇടം നേടാതിരുന്ന മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ജല്രാപട്ടനിൽനിന്നാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുക. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒന്നാം സ്ഥാനാര്‍ഥി പട്ടിക ഒക്ടോബര്‍ 16 ന് പുറത്തു വന്നിരുന്നു. ഇതില്‍ 41 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടെ പാര്‍ട്ടിയിലെ കലാപവും മറ നീക്കി പുറത്തു വന്നിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ക്യാമ്പായിരുന്നു ഇതിന് പിന്നില്‍. ടിക്കറ്റ് വിതരണത്തിന്റെ ആദ്യപട്ടികയിൽ വസുന്ധര ക്യാമ്പിലെ നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. സർവേയുടെ അടിസ്ഥാനത്തിലാണ് ബിജെപി ടിക്കറ്റ് വിതരണം നടത്തിയിരിയ്ക്കുന്നത്. വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇക്കുറി പട്ടികയില്‍ ഇടം നേടിയിരിയ്ക്കുന്നത് എന്നാണ് സൂചന.
ജനുവരി 14 വരെയാണ് രാജസ്ഥാന് സർക്കാരിന്റെ കാലാവധി. നിലവിൽ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ കോൺഗ്രസ് സർക്കാരാണ് അധികാരത്തില്‍ ഉള്ളത്. നവംബർ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 3ന് പുറത്തുവരും. രാജസ്ഥാൻ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബർ 30 ന് പുറത്തിറങ്ങും, നവംബർ 6 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 7 നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 9 നും ആയിരിക്കും.