രണ്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസില്‍ പിതാവിനെതിരെ  കൊലക്കുറ്റം ചുമത്തി.

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസില്‍ പിതാവിനെതിരെ  കൊലക്കുറ്റം ചുമത്തി. കുഞ്ഞ് മരിച്ചത് ക്രൂരമര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. വാരിയെല്ല് തകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കുണ്ടായ മുറിവും തലയിലെ രക്തശ്രാവവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ്ശങ്കര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

കുഞ്ഞിന്റെ ശരീരത്തില്‍ പഴക്കമേറിയതും പുതിയതുമായി എഴുപതിലധികം മുറിവുകളാണുണ്ടായിരുന്നത്. രഹസ്യ ഭാഗങ്ങളിലും സാരമായ മുറിവുകളുണ്ടായിരുന്നു. ഇതില്‍ പലതും പത്ത് ദിവസത്തിനു മുമ്പാണ്ടായതാണ്. മുറിവുകളും പാടുകളും നിരന്തരം ക്രൂര മര്‍ദനമേറ്റതിന് തെളിവായി. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഞായറാഴ്ച നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചത്.  മരണം സ്ഥിരീകരിച്ചതോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച പകല്‍ 3.30ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം ഏഴുമണിയോടെയാണ് അവസാനിച്ചത്.

പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്.  പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മഞ്ചേരി കോടതി വിധി പറയാനിരിക്കെയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകുന്നത്. ഫായിസിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.  

Exit mobile version