യുവതിയെ ആക്രമിച്ച കേസിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെ ഇന്നു ചോദ്യം ചെയ്യും

തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ പ്രതി പിടിയിൽ. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ (39) ആണ് പിടിയിലായത്. മ്യൂസിയം ജം​ക്‌ഷനിൽ പ്രഭാത സവാരിക്കിറങ്ങിയ യുവ വനിതാ ഡോക്റ്ററെ ആക്രമിച്ച കേസിലും ഇയാളാണു പ്രതിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കേസിൽ ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ജലവിഭവ മന്ത്രി റോഷി അ​ഗസ്റ്റിന്റെ പഴ്സണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാൾ. 10 വർഷമായി ഇയാൾ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. സർക്കാർ വക ഔദ്യോ​ഗിക വാഹനത്തിൽ കറങ്ങിയായിരുന്നു പീഡനവും മോഷണ ശ്രമവും നടത്തിയത്. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവൻകോണത്തെ വീട്ടിൽ അജ്ഞാതൻ കയറാൻ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിൻറെ പരിസരത്തുണ്ടായിരുന്നു. അ‍ർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷം വീടിൻറെ മുകൾനിലയിലേക്കുള്ള ഗേറ്റിൻറെയും മുകൾനിലയിലെ ഗ്രില്ലിൻറെയും പൂട്ടുതകർത്തു. ജനലും തകർക്കാൻ ശ്രമിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെളുപ്പിന് മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇയാൾ ഈ വീട്ടിലെത്തിയിരുന്നു. എന്നാൽ മുഖം മറച്ചായിരുന്നു രണ്ടാമത്തെ വരവ്. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുളള വാഹനമാണ് ഓടിച്ചിരുന്നത്.
ഈ വാഹനത്തിലാണ് നഗരത്തിൽ രാത്രി കറങ്ങിയത്. സർക്കാർ ബോർഡ് പതിച്ച ഈ വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചിരുന്നത് ഇറിഗേഷൻ വകുപ്പിന്റെ വാഹനമാണ്.
ഇയാളെ ഇന്നലെ മുതൽ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ടാക്‌സി ഓട്ടം കഴിഞ്ഞു മടങ്ങി തിരുവനന്തപുരത്തെത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. നിലവിൽ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ചില നിർണായക വിവരം ലഭിച്ചിരുന്നു. മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച ആൾ തന്നെയാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.
പൊലീസ് നിഗമനം ഇങ്ങനെയാണ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരം ടെന്നീസ് ക്ലബിന് സമീപം വാഹനം നിർത്തിയിട്ട ശേഷം നടന്നു പോയാണ് അക്രമി കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാട്ടിയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തിൽ എത്തി. തുടർന്നാണ് വനിതാ ഡോക്ടർക്കു നേരെ ലൈഗിംകാതിക്രമം നടത്തിയത്. അവിടെ നിന്ന് വീണ്ടും നഗരത്തിലെ പല വഴികളിലൂടെ സഞ്ചരിച്ച് ഇയാൾ വാഹനവുമായി പോയത് ടെന്നീസ് ക്ലബിന് സമീപത്തേക്കാണ്. പിറ്റേന്ന് രാവിലെ ഇവിടെ നിന്ന് വാഹനം എടുത്തു കൊണ്ടു പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Exit mobile version