മൊബൈൽ ആപ്പ് തട്ടിപ്പ്; കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

കൊൽക്കത്ത: മൊബൈൽ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപെട്ട് കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റിന്റെ റെയ്ഡ്. കൊൽക്കത്തയിലെ വ്യവസായിയായ ആമിർ ഖാൻ എന്നയാളുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളിലാണ് ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
റെയ്ഡിൽ ഇതുവരെ ഏഴുകോടിയോളം രൂപയും വിവിധ രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. മണിക്കൂറുകളോളമാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്ത പണം എണ്ണിതിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രങ്ങളും ഇവിടങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇ-നഗറ്റ്സ് എന്ന പേരിലുള്ള മൊബൈൽ ഗെയിമിങ് ആപ്പ് നിർമിച്ച് ആമിർ ഖാൻ അടക്കമുള്ളവർ നിരവധി പേരിൽനിന്ന് പണം തട്ടിയെന്നാണ് ആരോപണം. ഇയാൾക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതർ നൽകിയ പരാതിയിലാണ് ആമിർ ഖാൻ അടക്കമുള്ളവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെയാണ് ഇയാളുടെ വീട്ടിലും മറ്റിടങ്ങളിലും ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.
ആപ്പിൽ പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ പാരിതോഷികങ്ങളും കമ്മിഷനും നൽകിയാണ് ഇ-നഗറ്റ്സ് തട്ടിപ്പിന് തുടക്കമിടുന്നതെന്ന് ഇ.ഡി. അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ വാലറ്റിൽ ലഭിക്കുന്ന ഈ പണം ഉപഭോക്താക്കൾക്ക് പിൻവലിക്കാൻ കഴിയും. ഇതോടെ ഉപഭോക്താക്കൾ കൂടുതൽ പണം ആപ്പിൽ നിക്ഷേപിക്കും. വലിയ കമ്മിഷനും മറ്റും ലക്ഷ്യമിട്ടാണ് കൂടുതൽ പണം നിക്ഷേപിക്കുന്നത്. എന്നാൽ ഇതിനുപിന്നാലെ വാലറ്റിൽനിന്ന് പണം പിൻവലിക്കാൻ കഴിയാത്ത അവസ്ഥയാകും. ഇതോടെയാണ് തട്ടിപ്പിൽ കുടുങ്ങിയതായി ഉപഭോക്താക്കൾ തിരിച്ചറിയുകയെന്നും അധികൃതർ പറഞ്ഞു.

Exit mobile version