മിന്നൽപ്രളയം; സിക്കിമില്‍ മൂവായിലേറെ വിനോദസഞ്ചാരികള്‍ കുടുങ്ങി. 

ഗ്യാങ്ടോക്ക് :മിന്നൽപ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മൂവായിലേറെ വിനോദസഞ്ചാരികള്‍ കുടുങ്ങി. ബം​ഗാളില്‍നിന്നുള്ള മൂവായിരത്തോളംപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറോളംപേരുമാണ് ദുരന്തമുഖത്ത് അകപ്പെട്ടത്. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ചുങ്താങ് അണക്കെട്ട്‌ തകർന്നു, സൈനിക ക്യാമ്പ്‌ വെള്ളത്തിനടിയിലായി, സൈനികവാഹനങ്ങളും കാണാതായിട്ടുണ്ട്. സഞ്ചാരികള്‍ സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററുകളിൽ സഞ്ചാരികളെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഉദ്യോ​ഗസ്ഥന്‍ പറഞ്ഞു. വടക്കന്‍ സിക്കിമിലേക്കെത്താന്‍ മറ്റു പാതകളില്ലെന്നും എന്നാല്‍ ​ഗ്യാങ്ടോക്കില്‍ കുടുങ്ങിയവര്‍ക്ക് ഡാര്‍ജിലിങ്, ജോര്‍താങ്, നാംചി വഴി സിലി​ഗുരിയില്‍ എത്താമെന്നും ഉദ്യോ​ഗസ്ഥന്‍ അറിയിച്ചു. ബുധനാഴ്ച റാങ്പോയിലും സമീപ പ്രദേശത്തുമായി നാലായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലര്‍ക്കും ബന്ധുക്കളോട് ബന്ധപ്പെടാന്‍പോലും കഴിഞ്ഞിട്ടില്ല. ബുധനാഴ്‌ച ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 102 പേരെ കാണാതായി. 14 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. കാണാതായവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോ​ഗമിക്കുകയാണ്.

Exit mobile version