ന്യൂഡല്‍ഹി: മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാലദ്വീപ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെ ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ഈ നിലപാട് കടുപ്പിച്ചത് എന്നതും ശ്രദ്ധേയം.
ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അധികാരത്തില്‍ എത്തിയ മാലദ്വീപ് പ്രസിഡന്റാണ് മൊഹമ്മദ് മൊയ്‌സു. മൊഹമ്മദ് മൊയ്‌സു ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുമാണ്. സൈനികരെ പിന്‍വലിക്കാനുള്ള ആവശ്യം പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെയും സര്‍ക്കാറിന്റേയും നയമാണെന്ന് മാലിദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക്ക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടൂറിസത്തെ ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്വരച്ചേര്‍ച്ച ഇല്ലാതായിരുന്നു.